ചരിത്ര യാഥാര്‍ഥ്യങ്ങളെ തിരുത്താനും തമസ്‌കരിക്കാനുമുള്ള ശ്രമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക

കോഴിക്കോട്: ചരിത്ര യാഥാര്‍ഥ്യങ്ങളെ തിരുത്താനും തമസ്‌കരിക്കാനുമുള്ള ശ്രമങ്ങളില്‍ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക കൗണ്‍സില്‍ ഉത്ക്കണ്‍ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ഇന്ത്യ എന്ന ആശയം യാഥാര്‍ത്യമാക്കുന്നതില്‍ നിസ്തുല പങ്കാളിത്തം വഹിച്ച ആലി മുസ്‌ലിയാര്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ്  ഹാജി തുടങ്ങിയ ധീര ദേശാഭിമാനികളെയും വാഗണ്‍ ട്രാജഡി കൂട്ടക്കൊലക്കിരയായവരെയും രക്ത സാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യുന്നത് രാജ്യത്തിന്റെ അസ്തിത്വത്തെ തന്നെ അപകടപ്പെടുത്തുന്ന നടപടികളാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ചരിത്ര പാഠങ്ങള്‍ മൂല്യം ചോര്‍ന്നു പോകാതെ വരും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കി രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ സംവിധാനമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അധിനിവേശ ശക്തികളുടെ ദാക്ഷ്യണ്യം കൊണ്ട് ലഭ്യമായതല്ല ഇന്ത്യന്‍ സ്വാതന്ത്ര്യം. അറിയപ്പെടുന്നവരും അല്ലാത്തവരുമായ അനേകായിരങ്ങളുടെ ജീവന്റെ വിലയാണത്. സ്വാതന്ത്ര്യസമര മുഖത്ത് വീരമൃത്യു വരിച്ചവരെ രാഷ്ട്രം സര്‍വ്വാത്മനാ ആദരിക്കുന്നുണ്ട്. അതേ സമയം ചിലരുടെ  നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലും കൂട്ടു നില്‍ക്കുന്നത് അംഗീകരിക്കാവുന്നതല്ല.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മലബാറില്‍ സ്വാതന്ത്ര്യ ദാഹികള്‍ നടത്തിയ പോരാട്ടമാണ് മലബാര്‍ സമരം. സമര നേതാക്കളും യോദ്ധാക്കളുമായ 387 പേരെ രക്ത സാക്ഷികളുടെ ഡിക്ഷനറിയില്‍ നിന്ന് വെട്ടിമാറ്റാനുള്ള നീക്കം ഐ.സി.എച്ച്.ആര്‍. നടത്തുന്നുണ്ട്. ഇത് സ്വാതന്ത്ര്യസമര പോരാളികളോടും രക്ത സാക്ഷികളോടുമുള്ള കടുത്ത അപരാധവും ചരിത്രത്തോടുള്ള നീതി കേടുമാണ്. ഈ നീക്കങ്ങളില്‍ നിന്ന് ഇന്ത്യന്‍ ചരിത്ര കൗണ്‍സിലും കേന്ദ്ര സര്‍ക്കാരും പിന്‍മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.

കോഴിക്കോട് സമസ്ത സെന്ററില്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് വാര്‍ഷിക റിപ്പോര്‍ട്ടും സി.പി.സൈതലവി മാസ്റ്റര്‍ വരവു ചെലവു കണക്കും ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 2021-2022 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് എന്‍.അലി അബ്ദുല്ലയും വാര്‍ഷിക പദ്ധതി സുലൈമാന്‍ സഖാഫി മാളിയേക്കലും അവതരിപ്പിച്ചു. ഹസൈനാര്‍ നദ്‌വി അഖിലേന്ത്യാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, കെ.കെ.അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കെ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, സി.മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, വി.എം.കോയ മാസ്റ്റര്‍, സയ്യിദ് ത്വാഹാ തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, വി പി എം വില്യാപ്പള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, പി.എസ്.കെ.മൊയ്തു ബാഖവി, ഡോ.അബ്ദുല്‍ അസീസ് ഫൈസി, ഡോ.മുഹമ്മദ് കുഞ്ഞു സഖാഫി, എ.പി.അബ്ദുല്‍ ഹക്കീം അസ്ഹരി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മുതലായവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രൊഫ.കെ.എം.എ.റഹീം നന്ദി പറഞ്ഞു.